National
ഷിംല: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 13 ആയത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ബസിന്റെ ഡ്രൈവൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഷിംലയിൽ നിന്ന് കുപ്വിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പുർധറിൽ വച്ചാണ് അപകടം ഉണ്ടായത്. ബസ് നൂറുമുതൽ 200 വരെ താഴ്ചയിലേക്കാണ് വീണതെന്നാണ് വിവരം.
ബസിൽ 40 പേരാണ് ഉണ്ടായിരുന്നതെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ഷിംല: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു.
കുപ്വിയിൽ നിന്ന് ഷിംലയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പുർധറിൽ വച്ചാണ് അപകടം ഉണ്ടായത്.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നൂറുമുതൽ 200 വരെ താഴ്ചയിലേക്ക് വീണതെന്നാണ് വിവരം.
National
സിംല: ഹിമാചല്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ പാക്കിസ്ഥാന് പതാക പതിച്ച ബലൂണുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹിമാചല്‍ പോലീസ്.
ബലൂണുമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ വ്യോമസേനയുമായും പഞ്ചാബ്, രാജസ്ഥാന് പോലീസുമായും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടുണ്ട്.
ബലൂണുകള്‍ക്കുള്ളില്‍ ഗാഡ്ജെറ്റുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, ട്രാക്കറുകള്‍, വസ്തുക്കള്‍ പോലുള്ള സംശയാസ്പദമായ ഉപകരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോസ്ഥർ വ്യക്തമാക്കി.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ബലൂണുകള്‍ എവിടെനിന്നാണ് എത്തിയതെന്ന് കാര്യത്തില്‍ പോലീസ് പ്രാദേശിക വില്പനക്കാരില്നിന്ന് വിവരം ശേഖരിച്ചുവരുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹാമിര്‍പൂര്‍, കാംഗ്ര ജില്ലകളില്‍നിന്നും സമാനമായ ബലൂണുകള്‍ കണ്ടെത്തിയിരുന്നു.
National
സിംല: ഹിമാചൽപ്രദേശിലെ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ മൊബൈൽ ഫോണിനു സന്പൂർണ നിരോധനം ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു.
നഴ്സറി ക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണു നിരോധനം. അധ്യാപകർക്ക് സ്റ്റാഫ് റൂമിലോ ബാഗിലോ ഫോൺ സൂക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡ്യുക്കേഷൻ ഗാലറി, പ്രോഗ്രാം മാനേജ്മെന്റ് സ്റ്റുഡിയോ ഉൾപ്പെടെ ആധുനികസൗകര്യങ്ങൾ വിദ്യാഭ്യാസവകുപ്പ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ഇത്തരം സംവിധാനങ്ങൾക്കു കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
National
ഷിംല: 2027ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വിനയ് കുമാർ എംഎൽഎ. ബിജെപിയെ വീണ്ടും തകർക്കുമെന്നും അതിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും വിനയ് കുമാർ പറഞ്ഞു.
"2027ലെ തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യം. ഭരണം നിലനിർത്താനുള്ള പൊരാട്ടത്തിലാണുള്ളത്. ജനങ്ങൾ കൂടെ നിൽക്കുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കുള്ള അംഗീകാരമായിരിക്കും അത്.'- വിനയ് കുമാർ അവകാശപ്പെട്ടു.
കഴിഞ്ഞ മാസമാണ് വിനയ് കുമാറിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷനാക്കി നിയമിച്ചത്. കോൺഗ്രസിനെ ശക്തിപ്പെടുക കൂടിയാണ് തന്റെ ലക്ഷ്യമെന്നും വിനയ് കുമാർ കൂട്ടിച്ചേർത്തു. ഹിമാചലിനെ കറിച്ച് ആലോചിച്ച് ഇനി ബിജെപി സ്വപ്നം കാണണ്ട എന്നും അദ്ദേഹം പറഞ്ഞു.
SUNDAY DEEPIKA
ക്ഷേത്രങ്ങളുടെ നാടാണ് ഇന്ത്യ. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള നിരവധി ക്ഷേത്രങ്ങള്‍ രാജ്യത്തെമ്പാടുമുണ്ട്. ഇവയില്‍ പലതും വാസ്തുവിസ്മയങ്ങളും ചരിത്രത്തിന്റെ സാക്ഷിപത്രങ്ങളുമാണ്. എന്നാല്‍ അവിടെയെത്തുന്ന സന്ദര്‍ശകരെ കാത്ത് ചില അദ്ഭുതങ്ങള്‍ കരുതി വയ്ക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. അത്തരത്തിലൊരു പുരാതന ക്ഷേത്രമാണ് ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലുള്ള ജ്വാലാമുഖി അഥവാ ജ്വാലാ ജി ക്ഷേത്രം. ഐതിഹ്യങ്ങളിലും നാടോടിക്കഥകളിലും ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമാണുള്ളത്.
ഐതിഹ്യമനുസരിച്ച് ശിവന്റെ ഭാര്യയായ സതീദേവിയുടെ ശരീരഭാഗം വീണ 51 ശക്തിപീഠങ്ങളിലൊന്നാണ് ജ്വാലാമുഖി ക്ഷേത്രം. പിതാവായ ദക്ഷന് നടത്തിയ യാഗത്തില്‍ തന്റെ ഭര്‍ത്താവായ ശിവനെ ക്ഷണിക്കാതെ അപമാനിച്ചതില്‍ മനംനൊന്ത സതീദേവി അഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യുകയായിരുന്നു. സതിയെത്തേടിയെത്തിയ ശിവന് കണ്ടതാവട്ടെ പ്രിയപത്നിയുടെ നിര്‍ജീവ ശരീരവും.
ശിവന്റെ കോപത്തില്‍നിന്ന് ആവിര്‍ഭവിച്ച വീരഭദ്രന് ദക്ഷനെ ചുട്ടുചാമ്പലാക്കിയെങ്കിലും ക്രോധം അവസാനിക്കാഞ്ഞ ശിവന് സതിയുടെ കത്തുന്ന ശരീരവുമായി താണ്ഡവം ആരംഭിച്ചു. എന്നാല്‍ ഈ അപകടം മനസിലാക്കിയ മഹാവിഷ്ണു തന്റെ സുദര്‍ശന ചക്രത്താല്‍ സതിയുടെ ശരീരത്തെ 51 ഭാഗങ്ങളായി ഛേദിക്കുകയും അവ ഓരോ ശക്തിപീഠങ്ങളായി തീരുകയുമായിരുന്നുവെന്നുമാണ് ഐതിഹ്യം.
ഇതില്‍ സതീദേവിയുടെ നാവ് പതിച്ചയിടമാണ് ജ്വാലാമുഖി ക്ഷേത്രമായി മാറിയതെന്ന് പറയപ്പെടുന്നു. ഒരിക്കലും അണയാത്ത അഗ്നിജ്വാലയാണ് ഈ ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത്. സതീദേവിയുടെ നാവാണിത് എന്നാണ് വിശ്വാസം.
ഈ പുരാതന ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലും പുരാണങ്ങളിലുമടക്കം നിരവധി പ്രാചീന ഹിന്ദു ഗ്രന്ഥങ്ങളില്‍ ജ്വാലാമുഖി ക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്.
ഇവിടെ ക്ഷേത്രം ഉയര്‍ന്നതിനെപ്പറ്റിയും പല കഥകളുണ്ട്. ഒരിക്കല്‍ ഒരു ആട്ടിടയന് വനത്തിലൂടെ നടക്കുമ്പോള്‍ ഒരു പാറയുടെ മുകളില്‍ ഒരു തീജ്വാല ആളിക്കത്തുന്നതായി കണ്ടു. അയാള്‍ ഇക്കാര്യം അന്ന് പ്രദേശം ഭരിച്ചിരുന്ന കാട്ടോക്ക് രാജവംശത്തിലെ രാജാവായ ഭുമി ചന്ദിനെ അറിയിച്ചു. വലിയ ദുര്‍ഗാ ഭക്തനായിരുന്ന രാജാവ് അവിടെ ക്ഷേത്രം പണിയാന്‍ ഉത്തരവിടുകയായിരുന്നുവെന്നാണ് ഐതിഹ്യം.
അതേസമയം ചില നാടോടിക്കഥകള്‍ അനുസരിച്ച് ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ നായകരായ പാണ്ഡവരാണ് ഈ ജ്വാല കണ്ടെത്തിയതെന്നും ഇവിടെ ക്ഷേത്രം പണിതതെന്നും പറയുന്നു. എന്തായാലും ഇവിടത്തെ തീജ്വാല ഒരിക്കലും അണഞ്ഞിട്ടില്ല. കാറ്റിനും മഴയ്ക്കുംപോലും ജ്വാലയെ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
വിവിധ കാലങ്ങളിൽ പല രാജാക്കന്മാര് ക്ഷേത്രം സന്ദര്‍ശിക്കുകയും പലവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിപ്പോരുകയും ചെയ്തു. പ്രസിദ്ധ സിഖ് രാജാവായിരുന്ന മഹാരാജ രഞ്ജിത് സിംഗ് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്ഷേത്രത്തിന്റെ താഴികക്കുടം സ്വര്‍ണത്തില്‍ പൊതിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ മകന് ഖരക് സിംഗ് ക്ഷേത്ര വാതിലുകള്‍ വെള്ളിയില്‍ പൊതിയുകയും ചെയ്തു.
അതേസമയം മുഗള്‍ ചക്രവര്‍ത്തി അക്ബറുമായി ബന്ധപ്പെട്ടുള്ള ഒരു കഥ ഏറെ പ്രശസ്തമാണ്. ഈ തീജ്വാലയുടെ ആധികാരികതയില്‍ സംശയാലുവായിരുന്ന അക്ബര്‍ ഇരുമ്പു പാളികൊണ്ട് അടച്ചും വെള്ളമൊഴിച്ചും ജ്വാല കെടുത്താനായി ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം വ്യര്ഥമായത്രേ. പരാജയം സമ്മതിച്ച അക്ബര്‍ ക്ഷേത്രത്തിന് ഒരു സ്വര്‍ണക്കുട സമ്മാനിച്ചെങ്കിലും ദേവിയുടെ ശക്തിയില്‍ അത് വിലയില്ലാത്ത ഏതോ ലോഹമായി മാറിയെന്നാണ് ഐതിഹ്യം.
ഏഴ് പ്രകൃതിദത്ത തീജ്വാലകളാണ് ഈ ക്ഷേത്രത്തില്‍ പാറയുടെ വിള്ളലുകളില്‍നിന്ന് പുറപ്പെടുന്നത്. ഓരോ ജ്വാലയും ദുര്‍ഗയുടെ ഓരോ ഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. മഹാലക്ഷ്മി, അന്നപൂര്‍ണ, ചണ്ഡി, ഹിങ്ളാജ്, വിദ്യാവാസിനി, അംബിക, അഞ്ജന എന്നിങ്ങനെയാണ് ഓരോ ജ്വാലകളുടെ നാമങ്ങള്‍. പ്രത്യക്ഷത്തില്‍ യാതൊരു ഇന്ധനവുമില്ലാതെയാണ് ഇവ ജ്വലിക്കുന്നതെന്നത് സന്ദര്‍ശകരില്‍ വലിയ അദ്ഭുതമാണ് സൃഷ്ടിക്കുന്നത്.
അതേസമയം പാറകള്ക്കടിയിലുള്ള ചില വാതകങ്ങളാണ് ഈ ജ്വാലയ്ക്കു പിന്നിലുള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും ഭക്തര്‍ക്ക് ഇത് ദൈവിക ശക്തിയുടെ ദൃഷ്ടാന്തമാണ്. താന്ത്രിക ഗ്രന്ഥങ്ങളില്‍ പറയുന്ന ഏറ്റവും ശക്തിമത്തായ 51 ശക്തി പീഠങ്ങളിലൊന്നാകയാല് ദൈവാരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളിലൊന്നായാണ് ജ്വാലാമുഖിയെ കണക്കാക്കുന്നത്.
ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ഇവിടേക്ക് ഒഴുകിയെത്തുന്നത്. നവരാത്രിസമയത്ത് ക്ഷേത്രം ഒരു മനോഹര കാഴ്ചയാണ്. സ്വര്‍ണത്താല്‍ പൊതിഞ്ഞ താഴികക്കുടവും വെള്ളിയില്‍ പൊതിഞ്ഞ ഭിത്തികളും ക്ഷേത്രത്തെ ആകര്‍ഷകമാക്കുന്നു. നടുഭാഗത്താണ് പ്രധാന ജ്വാല തെളിഞ്ഞു കത്തുന്നത്.
വിഗ്രഹങ്ങളില്ലെന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഈ ജ്വാലയെയാണ് ദേവതയുടെ പ്രതീകമായി ആരാധിക്കുന്നത്. ഇതിനെ ജ്വാലാ മാതാ എന്നാണ് വിളിക്കുന്നത്. ചുറ്റമ്പലത്തിനുള്ളില്‍ മറ്റ് ദേവതകളുടെയും പ്രതിഷ്ഠകളുണ്ട്.
വിശ്വാസത്തിനന്റെയും ദുരൂഹതയുടെയും ദൈവിക ഊര്‍ജത്തിന്റെയും കേന്ദ്രമായി നൂറ്റാണ്ടുകളായി നിലകൊള്ളുകയാണ് ജ്വാലാമുഖി ക്ഷേത്രം. ഇവിടെയുള്ള അനശ്വരമായ ജ്വാല കാലത്തിനും കാലാവസ്ഥയ്ക്കും മനുഷ്യനും തൊടാനാവാത്ത വിധത്തില്‍ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.
ശാസ്ത്ര വിസ്മയമെന്നോ ദൈവിക അദ്ഭുതമെന്നോ വിശേഷിപ്പിക്കാവുന്ന ജ്വാലാ ജി ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തവും ദുരൂഹവുമായ ആത്മീയ കേന്ദ്രങ്ങളിലൊന്നായാണ് വിരാജിക്കുന്നത്.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ 78 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 40ലേറെപ്പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് ദുരന്തനിവാരണസേന ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്.
ഹിമാചലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംമണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. നിരവധി ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. വൻനാശമാണു സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഹിമാചലിൽ ഇതുവരെ 23 മിന്നൽപ്രളയവും 19 മേഘവിസ്ഫോടനവും 16 ഇടത്ത് മണ്ണിടിച്ചിലും ഉണ്ടായെന്നാണ് റിപ്പോർട്ട്.
ഹിമാചലിലെ കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചമ്പ, കാംഗ്ര, മാണ്ഡി, ഷിംല, സിർമൗർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കസാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉന, ബിലാസ്പുർ, ഹാമിർപുർ, ചമ്പ, സോളൻ, ഷിംല, കുളു ജില്ലകളിലും ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. ചന്പ ജില്ലയിൽ മേഘവിസ്ഫോടനം സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ഹിമാചലിൽ 240ലേറെ റോഡുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധിപ്പേർ ഭവനരഹിതരായി.
ഇന്നുരാവിലെ ഡൽഹിയിലും സമീപ മേഖലകളിലും തുടർച്ചയായി മഴ പെയ്തു. വരുംമണിക്കൂറുകളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റും മിന്നലുമുണ്ടായി. ഡൽഹി-എൻസിആറിൽ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ്, ജമ്മു കാഷ്മീർ, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
National
ഷിംല: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ രണ്ട് പേര് മരിച്ചു. 20ല്‍ അധികം പേരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.
ഇന്ദിരാ പ്രിയദര്‍ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റിൽനിന്നാണ് തൊഴിലാളികളെ ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുണ്ട്. ഇവിടെ താത്കാലിക ഷെഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
നിരവധി വീടുകൾ സ്കൂൾ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയ്ക്ക് നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചലിലെ അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.